10
Nov

നാലമ്പല ദർശനം

രാമായണ കഥ കേട്ടുണരുന്ന കർക്കിടകത്തിലെ പുണ്യദിനങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാമപുരത്തിന് ഉത്സവനാളുകളായിരുന്നു. കലിയുഗത്തിൽ മോക്ഷ പ്രാപ്തിക്കുള്ള മാർഗ്ഗം ഈശ്വരഭജനം മാത്രമാണെന്നും സർവ്വൈശ്വര്യത്തിന് രാമ മന്ത്രം ദിവ്യ ഔഷധമാണെന്നുമുള്ള പൂർവ്വിക വിശ്വാസത്താലും രാമായണമാസത്തിൽ കേരളത്തിനകത്ത് നിന്നും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് തീർത്ഥാടകരായിരുന്നു മധ്യ കേരളത്തിലെ പൂർണ്ണമായും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഒരു മാസക്കാലം രാമമന്ത്രങ്ങളാൽ മുഖരിതമാവും രാമന്റെ പേരിൽ തന്നെ അറിയപ്പെടുന്ന രാമപുരം. കോരിച്ചൊരിയുന്ന മഴയിലും ഇടതടവില്ലാത്ത ഭക്തജനപ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്നു.

പുരാതന കാലം മുതൽ മതസൗഹാർദ്ദത്തിന് പേര് കേട്ട കുന്നുകളും മലകളും കൊച്ചരുവികളും നെൽപാടങ്ങളുമെല്ലാം ഇടകലർന്ന കാർഷിക ഗ്രാമമായ ഇവിടുത്തെ എല്ലാ വിഭാഗം ജനങ്ങളും സന്തോഷത്തോടെയും അതിലുപരി ഭക്ത്യാദരവുകളോടും കൂടിയാണ് മലയാളക്കരയുടെ വിവിധ ദേശങ്ങളിൽ നിന്നും എത്തിയിരുന്ന ഭക്തജനങ്ങളെ സ്വീകരിച്ചിരുന്നത്. ജാതി മത വ്യത്യാസമില്ലാതെ രാമപുരത്തെ മുഴുവൻ ജനവിഭാഗങ്ങളുടെയും ഉത്സവകാലമായിരുന്നു നാലമ്പല ദർശന തീർത്ഥാടന കാലം. വഞ്ചിപ്പാട്ടിൻ്റെ ഇമ്പമാർന്ന താളാത്മകതയിലൂടെ മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും കൊടുമുടിയിൽ രാമപുരത്തിൻ്റെ പ്രശസ്തി എത്തിച്ച രാമപുരത്ത് വാര്യരുടെയും കാവ്യാത്മകതയിലൂടെ മലയാളത്തിന് പുതുവസന്തം സമ്മാനിച്ച ലളിതാംബിക അന്തർജ്ജനത്തിൻ്റെയും മലയാളത്തിലെ ആദ്യ യാത്രാ വിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിലൂടെ ചരിത്ര പുരുഷനായ പാറേമാക്കൽ ഗോവർണ്ണദോറിൻ്റെയും സാംസ്കാരിക പുണ്യത്താൽ അനുഗ്രഹീതമായ രാമപുരത്തിന് കൂടുതൽ പ്രസിദ്ധിയോടൊപ്പം ആധ്യാത്മിക ചൈതന്യവും കൂടി പകർന്നു നൽകിയ നാലമ്പല ദർശനം. കനത്ത മഴയുടെയും രോഗങ്ങളുടെയും ദുരിതങ്ങളുടെയും കാലമായ കർക്കിടകം മനുഷ്യരും പക്ഷിമൃഗാദികളുമെല്ലാം ഒരേ പോലെ കഷ്ടപ്പെടുന്ന മാസമാണ്. പ്രാചീന കാലം മുതൽ പഞ്ഞ കർക്കിടകം എന്ന പേരിൽ കുപ്രസിദ്ധി നേടിയ കർക്കിടകം എന്നും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളൂം മാത്രം നിറഞ്ഞ ദുരിതനാളുകളാണ്.

ദൈന്യം ബാധിക്കുമ്പോൾ മനുഷ്യർ എവിടെയാണ് ആശ്വാസം തേടുന്നത്? ദീനബന്ധുവിൻ്റെ സന്നിധിയിൽ. നാലമ്പല ദർശനത്തിൻ്റെ പ്രസക്തിയും ഇതു തന്നെയാണ്. രോഗവും ദു:ഖവും ദുരിതവും ദാരിദ്ര്യവും വിഷമതകളുമെല്ലാം നിറഞ്ഞ കർക്കിടകത്തിൽ സങ്കടങ്ങളും വിഷമങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം ശ്രീരാമ- ലക്ഷ്മണ - ഭരത - ശത്രുഘ്ന ഭഗവാന്മാരുടെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ച് ഇതിൽ നിന്നെല്ലാം ഒരു മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനായാണ് ഭക്തജനങ്ങൾ നാലമ്പലങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരുന്നത്. കേവലം 3 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഈ നാലു ക്ഷേത്രങ്ങളും നിലനിൽക്കുന്നത്, രാമനെ തൊഴുതു മറ്റു മൂന്ന് അനുജന്മാരെയും തൊഴുതു വീണ്ടും ശ്രീരാമ സന്നിധിയിൽ എത്തുമ്പോൾ നാലമ്പല ദർശനം പൂർത്തിയാവുന്നു, കേവലം 18 കിലോമീറ്റർ സഞ്ചരിച്ചാൽ ഇത് സാധ്യമാവും എന്നതാണ് കോട്ടയം ജില്ലയിലെ നാലമ്പല ദർശനത്തിന്റെ പ്രത്യേകത.

Layout


Color palette